niraputhari fete 2014 ~
ഈ വർഷത്തെ നിറ പുത്തരി അഗസ്റ്റ് 17 ചിങ്ങം 1 ഞായറാഴ്ച 8.30 ന് ക്ഷേത്രം മേൽശാന്തി ശ്രീ പരമേശ്വരൻ നമ്പൂതിരിപാടിന്റെ മുഖ്യ കാർമികത്തിൽ നടന്നു .
നിറപുത്തരി മുൻകാലങ്ങളിൽ
കാര്‍ഷികോത്സവവുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന ഒരു ഉര്‍വരതാനുഷ്ഠാനം. നിറയും പറയും പുത്തരിയുമെല്ലാം ശക്തമായ ഉര്‍വരതാ പ്രതീകങ്ങളാണ്. കാര്‍ഷിക സംസ്കൃതിയിലെ വിളവെടുപ്പു വര്‍ഷത്തിന്റെ അവസാനദിവസമായ ഉച്ചേര മുതല്‍ അടുത്ത മഴക്കാലം വരെ ഭൂമീദേവി വിശ്രമത്തിലാണെന്നാണ് സങ്കല്പം. വേനല്‍ക്കാലത്താണത്രെ കാര്‍ഷികദേവതയുടെ വിശ്രമകാലം. ഈ വിശ്രമസമയം, കര്‍ഷകര്‍ ആഘോഷമായി കൊണ്ടാടുന്നു. മൂന്നു ദിവസത്തേക്ക് നെല്ലറകള്‍ അടച്ചിടുകയും കൃഷിയായുധങ്ങള്‍ തൊടാതെ മാറ്റിവയ്ക്കുകയും ചെയ്യുന്നു. ഒന്നാംദിവസം സന്ധ്യയ്ക്കുമുമ്പ് നെല്ലറകള്‍ പൂട്ടി, മുള്ളും ചൂലും ചാണകവും കതകില്‍ ബന്ധിച്ചശേഷം അതിന്മേല്‍ ചാണകം വിതറുന്നു. അടുത്ത രണ്ടുദിവസങ്ങള്‍ ഒഴിവുദിവസങ്ങളാണ്. ആ സമയം കൃഷിസംബന്ധമായ ഒരു കാര്യവും ചെയ്യില്ല. വീടു തൂക്കുന്നതും ചാണകം മെഴുകുന്നതുമൊക്കെ നിഷിദ്ധമായി കരുതുന്നു. ഈ 'ഉച്ചേര' ആചരണത്തിനുശേഷം, നാലാം ദിവസം നെല്ലറകള്‍ തുറക്കുന്നു. അന്നേദിവസം വ്രതശുദ്ധിയോടെ ഒരു കുട്ടനിറയെ ഇല വയലില്‍വച്ച് കത്തിക്കുന്നു. ഒപ്പം കുറച്ചു വളവും വിതറുന്നു. കൃഷിസ്ഥലത്തിന്റെ അവകാശം ഉറപ്പിക്കലാണ് ഈ ചടങ്ങിന്റെ ഉദ്ദേശ്യം.
അതിനുശേഷം നെല്ലറകളില്‍ നിന്നെടുക്കുന്ന പുത്തരി കൊണ്ട് സമൃദ്ധമായ ഊണുവട്ടങ്ങള്‍ തയ്യാറാക്കുന്നു. ഇലകള്‍ കൊണ്ടുള്ള ഉപ്പേരി വിഭവങ്ങളാണ് നിറപുത്തരി ഊണില്‍ പ്രധാനം. പുത്തരിച്ചുണ്ട, തകര, പയറ്, വഴുതിന, കുമ്പളം എന്നീ ഇലകള്‍കൊണ്ടാണ് വിവിധയിനം ഉപ്പേരി ഉണ്ടാക്കുന്നത്. ജന്മികളായ നമ്പൂതിരിമാരുടെ ഇല്ലങ്ങളില്‍ വച്ച് കര്‍ക്കിടക മാസത്തിലെ ആദ്യത്തെ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഇലക്കറി സദ്യ നടത്തുന്നതും നിറപുത്തരി ആഘോഷത്തിന്റെ ഭാഗമായിരുന്നു. താള്, തകര, പയറ്, ചീര, മത്തന്‍, കുമ്പളം, ചേന, മുരിങ്ങ എന്നീ എട്ടുതരം സസ്യങ്ങളുടെ ഇലകൊണ്ടാണ് കറിയുണ്ടാക്കുന്നത്. ഇലക്കറികളും തവിടു കൊണ്ടുണ്ടാക്കിയ അപ്പവും ചേരുന്ന സദ്യ പുത്തരിയാഘോഷത്തിലെ പ്രധാന ഘടകമായിരുന്നു.
വിളവെടുപ്പു കഴിഞ്ഞാല്‍, പുതുമണംമാറാത്ത നെല്ല് ഉണക്കിയശേഷം, അറകളിലോ പത്തായങ്ങളിലോ സൂക്ഷിച്ചുവയ്ക്കുകയും ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. അഞ്ഞൂറിനം നെല്ലിനങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു. നെല്ലിലെ ഉമി കളഞ്ഞ് പച്ചരിയായും, നെല്ല് വറുത്ത് മലരാക്കിയും വറുത്തിടിച്ച് അവലുണ്ടാക്കിയും പുത്തരിയുടെ രുചിഭേദങ്ങള്‍ ആസ്വദിച്ചിരുന്നു.
പുത്തരികൊണ്ടുള്ള നിറപറ, മംഗളകര്‍മങ്ങള്‍ക്ക് ഉപയോഗിക്കുക പതിവാണ്. കേരളീയ രാജാക്കന്മാരുടെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പ്രധാനമായ 'അരിയിട്ടുവാഴ്ച'യും ജീവനക്കാര്‍ക്കുള്ള 'അരിയും കോപ്പും' കൊടുക്കലും പുത്തരിയുടെ സാംസ്കാരികപ്രാധാന്യം വ്യക്തമാക്കുന്നു. 'നിറപുത്തരി' ഏതുവിശേഷ ചടങ്ങിലും വിശിഷ്ടദ്രവ്യമായി ഉപയോഗിക്കപ്പെട്ടിരുന്നു.